അതിനൂതന സവിശേഷതകളുമായി ടിവിഎസ് തങ്ങളുടെ പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു. ഇന്ന് വിപണിയിൽ പ്രീമിയം മോഡലുകൾ അന്വേഷിക്കുന്നവരെ ലക്ഷ്യമാക്കി ടിവിഎസ് മികച്ച പെർഫോമൻസ് ഇലക്ട്രിക് സ്കൂട്ടറാണ് അവതരിപ്പിച്ചത്. ‘എക്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഇവി രാജ്യത്തെ തന്നെ ആദ്യത്തെ പെർഫോമൻസ് ഇലക്ട്രിക് സ്കൂട്ടറാണ്. ഇരു ചക്രവാഹനങ്ങളിലെ ആഡംബരത്തിന്റെ അവസാനവാക്കെന്ന് വിശേഷിപ്പിക്കാവുന്ന അത്യുഗ്രന്‍ പെര്‍ഫോമന്‍സും കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുമാണ് മറ്റ് ബൈക്കുകളില്‍ നിന്നും ഈ പുത്തന്‍ താരത്തെ വേറിട്ട് നിര്‍ത്തുന്നത്.
ദുബായിൽ നടന്ന ചടങ്ങിൽ ക്രിയോൺ ഇലക്ട്രിക് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായാണ് എക്സ് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനും പെർഫോമൻസും ചേരുമ്പോൾ യുവതലമുറയെ ആകർഷിക്കാൻ ആവശ്യമായ ഫീച്ചറുകളും കമ്പനി പുതിയ മോഡലിന് നൽകിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രദർശിപ്പിച്ച ടിവിഎസ് ക്രിയോൺ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ എക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻവശത്ത് വെർട്ടിക്കൽ എൽഇഡി ഹെഡ്ലാമ്പ്, സ്ക്വയർ ഷേപ്പിലുള്ള ട്വിൻ എൽഇഡി ലൈറ്റുകൾ, ഷാർപ്പ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, റേസർ ഷാർപ്പ് ബോഡി പാനലുകൾ, ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകൾ എന്നിവയാണ് ഡിസൈൻ ഹൈലൈറ്റുകൾ.
ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയിരിക്കുന്ന എക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ എക്സ്ഷോറൂം വില 11,120 യുഎഇ ദിര്‍ഹം അതായത് ഏകദേശം 2,49,990 രൂപയാണ്. നിലവിൽ ഒരൊറ്റ വേരിയന്റിലാണ് ഈ മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്. പുതിയ ടിവിഎസ് എക്സ് ഇലക്ട്രിക് സ്കൂട്ടറിൽ 11 കിലോവാട്ട് (14.75 bhp) പീക്ക് പവർ ഔട്ട്പുട്ടുള്ള ഒരു ഇലക്ട്രിക് മോട്ടോർ ഉണ്ട്. എന്നിരുന്നാലും ഇലക്ട്രിക് മോട്ടോറിന്റെ റേറ്റുചെയ്ത ഔട്ട്പുട്ട് 7kW (9.38bhp) ആണ്. അതേസമയം ബാറ്ററി പായ്ക്ക് കപ്പാസിറ്റി 4.44kWh ആണ്. ചാർജിംഗ് ഓപ്ഷനുകളിൽ സ്മാർട്ട് എക്സ് ഹോം റാപ്പിഡ് ചാർജറും പോർട്ടബിൾ ചാർജറുമാണ് ഉൾപ്പെടുന്നത്. ഈ സ്കൂട്ടറിന് വെറും 2.6 സെക്കൻഡിനുള്ളിൽ 40 കി.മീ. വേഗത കൈവരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 105 കിലോമീറ്ററാണ് പരമാവധി വേഗതയായി റേറ്റു ചെയ്തിരിക്കുന്നത്.
ടിവിഎസ് എക്സ് ഇലക്ട്രിക് സ്കൂട്ടറിൽ നൂതന സാങ്കേതികവിദ്യകളും ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോളുമാണ് ശ്രദ്ധയാകർഷിക്കുന്നത്. പൂർണമായും കസ്റ്റമൈസ് ചെയ്യാനാവുന്ന ഇതിൽ ശേഷിക്കുന്ന ചാർജ്, റൈഡ് മോഡുകൾ, കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം വിവരങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഒടിഎ അപ്ഡേറ്റുകൾ, ക്രൂയിസ് കൺട്രോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ സ്മാർട്ട് ഹിൽ ഹോൾഡ് ഫംഗ്ഷൻ എന്നിവയാണ് പ്രധാന സവിശേഷതകൾ.