ദോഹ ഉം ലെഖ്ബ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നാളെ (ഡിസംബർ 15) മുതൽ അഞ്ച് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഈ മേഖലയിലെ റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗാമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ദോഹയിലേയ്ക്കുള്ള ദിശയിൽ അൽ ഖാബിയ സ്ട്രീറ്റ്, അൽ ഷമാൽ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പാലത്തിലെ ഉം ലെഖ്ബ ഇന്റർചേഞ്ചിലാണ് ഗതാഗതം നിയന്ത്രിക്കുക.
ഇതിന്റെ ഭാഗമായി അൽ ഖാബിയ സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾ തെക്ക് ദിശയിൽ സബാഹ് അൽ അഹ്മദ് കോറിഡോറിലേയ്ക്കുള്ള റോഡിൽ യാത്ര ചെയ്യുകയും തുടർന്ന് താനി ബിൻ ജാസിം ഇന്റർചേഞ്ച് ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന് അധികൃതർ നിർദേശിച്ചു.