ദുബായിൽ നടക്കാനിരിക്കുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഷെയ്ഖ് സായിദ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഡിസംബർ 1 മുതൽ 3 വരെയാണ് ഷെയ്ഖ് സായിദ് റോഡിലേയ്ക്കുള്ള പാതകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഷെയ്ഖ് സായിദ് റോഡിൽ അബുദാബിയിലേക്കുള്ള പാതകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും എക്സ്പോ ഇന്റർസെക്ഷനും ഇടയിലുള്ള മേഖലയിലാണ് നിയന്ത്രണം. രാവിലെ 7 മണി മുതൽ രാവിലെ 11 മണി വരെയാണ് ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ട്രാഫിക് സുഗമമാക്കുന്നതിന്റെ ഭാഗമായി റോഡ് ഗതാഗതം തിരിച്ചുവിടുമെന്ന് ആർടിഎ അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ റോഡ്, എമിറേറ്റ്സ് റോഡ്, അൽ ഖൈൽ റോഡ്, ജുമേയ്റ റോഡ്, അൽ വാസൽ റോഡ് എന്നീ റോഡുകളാണ് ഈ ദിവസങ്ങളിൽ യാത്രയ്ക്കായി തിരഞ്ഞെടുക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.