ടൂറിസ്റ്റ് വിസകളിൽ വരുന്ന വിദേശികളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും അവർക്ക് വിവിധ സൗകര്യങ്ങൾ ഒരുക്കാനും ജിദ്ദ വിമാനത്താവളത്തിൽ പ്രത്യേക ലോഞ്ച് ഏരിയ തുറന്നു. ജിദ്ദ എയർപോർട്ട് കമ്പനിയുടെ സഹകരണത്തോടെ പാസ്പോർട്ട് ഡയറക്ടറേറ്റാണ് ടൂറിസ്റ്റ് വിസകൾ കൈകാര്യം ചെയ്യാനുള്ള ലോഞ്ച് ആരംഭിച്ചിരിക്കുന്നത്. അറൈവൽ വിസ നടപടിക്രമങ്ങൾ സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉദ്ഘാടന ചടങ്ങിൽ പാസ്പോർട്ട് ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ, ജിദ്ദ വിമാനത്താവള കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജി. റാഇദ് അൽ മുദയ്ഹിം, സി.ഇ.ഒ എൻജി. അയ്മൻ ബിൻ അബ്ദുൽ അസീസ് അബു അബാഹ് എന്നിവർ പങ്കെടുത്തു. രാജ്യത്തെത്തുന്ന ടൂറിസ്റ്റുകൾക്ക് മികച്ച സേവനങ്ങൾ നൽകാനും അവരുടെ രാജ്യത്ത് എത്തുന്നതു മുതൽ മടങ്ങുന്നതുവരെ വ്യതിരിക്തവും എളുപ്പമുള്ളതുമായ അനുഭവം നൽകാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിന്റെ താൽപര്യം പാസ്പോർട്ട് മേധാവി അറിയിച്ചു.