വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് യുവനടിയുടെ പരാതി. പരാതിപ്പെട്ടിട്ടും വിമാനജീവനക്കാർ ഇടപെട്ടില്ലെന്നും നടി പറഞ്ഞു. സംഭവത്തിൽ യുവനടി കൊച്ചി പൊലീസിൽ പരാതി നൽകി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സഹയാത്രക്കാരൻ മോശമായി പെരുമാറിയെന്നാണ് മലയാളത്തിലെ യുവനടിയുടെ പരാതി.
പരാതി പറഞ്ഞിട്ടും കാബിൻ ക്രൂ അംഗങ്ങളുടെ ഭാഗത്തു നിന്നും യാതൊരു ഇടപെടലും ഉണ്ടായില്ല. തുടർന്നും പ്രതിഷേധം അറിയിച്ചതോടെ സീറ്റ് മാറ്റി ഇരുത്തുകയാണ് ഉണ്ടായത്.
പൊലീസിൽ പരാതിപ്പെടാനാണ് എയർ ഇന്ത്യ അധികൃതർ പ്രതികരിച്ചതെന്നും നടി പറയുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെ തന്റെ ദുരനുഭവം വെളിപ്പെടുത്തിയ ശേഷമാണ്, നടി കൊച്ചി പൊലീസിൽ പരാതി നൽകിയത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.