ഷാർജയിൽ 2024-ലെ വാർഷിക ബജറ്റിന് അംഗീകാരം നൽകി യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 4,083 കോടി ദിർഹത്തിന്റെ പൊതുബജറ്റാണ് അംഗീകരിച്ചത്.
കഴിഞ്ഞ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ചെലവുകൾക്കായി ഇത്തവണ 16 ശതമാനം തുകയാണ് വർധിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക സുസ്ഥിരത കൈവരിക്കുക, ജനങ്ങൾക്ക് മാന്യമായ ജീവിതവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കുക എന്നിവയ്ക്കായി വലിയ തുക തന്നെ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. എനർജി, വെള്ളം, ഭക്ഷണ വിഭവങ്ങൾ തുടങ്ങിയവയിൽ സ്ഥിരത കൈവരിക്കുന്നതിനുള്ള പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബജറ്റിൽ 40 ശതമാനവും ഇത്തവണ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇതിൽ 26 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ ബജറ്റ് സർക്കാർ വകുപ്പുകളെ ശാക്തീകരിക്കുന്നതാണെന്ന് ഭരണാധികാരി വ്യക്തമാക്കി.