1,000 വർഷം പഴക്കമുള്ള നീല ഖുർആൻ കയ്യെഴുത്തുപ്രതിയുടെ അപൂർവ്വ ശേഖരവുമായി ഖത്തറിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (മിയ). പ്രവാചകന്റെ മൂന്നാമത്തെ പിൻഗാമിയെന്നറിയപ്പെടുന്ന അബ്ബാസിദ് തയ്യാറാക്കിയ നീല നിറത്തിലെ ഖുർആന്റെ കയ്യെഴുത്തുപ്രതിയാണിത്. ഇസ്ലാമിക് ലോകത്തിലെ ഏറ്റവും അപൂർവ്വവും സവിശേഷവുമായ ഈ കയ്യെഴുത്തുപ്രതി മ്യൂസിയത്തിലെ ലെവൽ ഒന്നിലെ ഫസ്റ്റ് ഗാലറിയിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
കുഫിക് സ്ക്രിപ്റ്റിൽ 600 താളുകളാണ് നീല ഖുർ ആനിലുള്ളത്. സ്വർണത്തിന്റെ തിളക്കമുള്ള അക്ഷരങ്ങൾ പ്രത്യേക തരം പശയിലെ സ്വർണ ഇലകൾ ഉപയോഗിച്ചാണ് അലേഖനം ചെയ്തിരിക്കുന്നത്. നീല നിറത്തിലുള്ള പേജുകളിലെ സിൽവർ കൊണ്ടുള്ള അലങ്കാരം വടക്കേ ആഫ്രിക്കയിൽ നിന്ന് പകർത്തിയതാകാം എന്നാണ് ന്യൂയോർക്ക് മ്യൂസിയം വിലയിരുത്തുന്നത്. ആദ്യ കാലങ്ങളിലെ ഖുർ ആനിലെപ്പേലെതന്നെ പേജുകളിലെ വരികളുടെ നീളം ഒരേ പോലെയാക്കുന്നതിന് തക്കവിധമാണ് സ്ക്രിപ്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.
നിലവിൽ ഈ കയ്യെഴുത്തുപ്രതി ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ടുനീസിയയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആന്റ് ആർക്കിയോളജി എന്നിവിടങ്ങളിലുൾപ്പെടെ ആഗോള തലത്തിൽ വിവിധ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞു. ഈ കയ്യെഴുത്തുപ്രതിക്ക് പുറമെ മിയയുടെ ഗാലറികളിലെ അപൂർവ ശേഖരങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കേവർ വേസ്, വാരണാസി നെക്ലസ്, ഹമിദ ബാനു ബീഗം തയ്യാറാക്കിയ രാമായണത്തിന്റെ കയ്യെഴുത്തുപ്രതി എന്നിവയുമുണ്ട്. ഇവ നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ കാണാനും അവസരമുണ്ട്.