സൗദി അറേബ്യയുടെ 93-ാമത് ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ 23ന് സംഘടിപ്പിക്കപ്പെടുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. സംഘാടകരായ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ തുർ അൽ ഷെയ്ഖ് ലോഗോ പ്രകാശനം നിർവഹിച്ചു. സൗദിയുടെ സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്റെ ഭാഗമായുള്ള പദ്ധതികൾക്ക് അനുസൃതമായാണ് ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്.
ഞങ്ങൾ സ്വപ്നം കാണുകയും നേടുകയും ചെയ്യുന്നു എന്നതാണ് ഈ വർഷത്തെ ലോഗോയുടെ ആപ്തവാക്യം. ദൃഢനിശ്ചയത്തോടെയും ഉത്സാഹത്തോടെയും മുന്നേറാൻ രാജ്യത്തെ പൗരന്മാരെ പ്രചോദിപ്പിക്കുന്നതാണ് ഈ വാക്യമെന്നും രാജ്യം എല്ലാ ജനങ്ങളെയും സ്വീകരിക്കുന്നുവെന്നും അവർക്കായി പ്രവർത്തിക്കുന്നുവെന്നും ഇത് അർത്ഥമാക്കുന്നതായും അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും സമൂഹത്തിന് പകർന്നുനൽകാൻ പുതിയ ലോഗോ വഴി സാധിക്കുമെന്നും സർക്കാർ നിശ്ചയിച്ച നിർദേശങ്ങൾക്ക് അനുസൃതമായി മാത്രമേ ലോഗോ ഉപയോഗിക്കാൻ പാടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.