2023-ലെ ജിദ്ദ പുസ്തകമേള ഡിസംബർ 7-ന് ആരംഭിക്കും. ജിദ്ദ സൂപ്പർ ഡോമിൽ സംഘടിപ്പിക്കപ്പെടുന്ന മേള 16-ന് സമാപിക്കും. സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റിയുടെ നേതൃത്വത്തിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. മേളയിൽ ഏകദേശം 600-ലധികം പബ്ലിഷിങ് സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രാദേശിക, അറബ്, രാജ്യാന്തര പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം മേളയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസ്കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ സമഗ്രമായ സാംസ്കാരിക പരിപാടികളും നടത്തപ്പെടും. എല്ലാ വിഭാഗത്തിലുള്ള ജനങ്ങളിലേയ്ക്കും പുസ്തകങ്ങളെത്തിക്കുക, പ്രസിദ്ധീകരണത്തിനും വിതരണത്തിനുമായി കൂടുതൽ ഔറ്റ്ലെറ്റുകൾ സൃഷ്ടിക്കുക, പുസ്തക വ്യവസായത്തിലെ പ്രധാന പ്ലാറ്റ്ഫോമായി രാജ്യത്തെ മാറ്റുക എന്നിവയാണ് ഈ പുസ്തമേളയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ഈ വർഷം സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന നാലാമത്തെ പുസ്തകമേളയാണിത്. പ്രഭാഷണങ്ങൾ, സാംസ്കാരിക ശിൽപശാലകൾ, വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ, കവിതാ സായാഹ്നങ്ങൾ, കുട്ടികൾക്കായുള്ള പഠന പരിശീലന കോർണറുകൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടും.