വയോധികർക്കും ഭിന്നശേഷിക്കാർക്കും ഇനി സുഗമമായി മക്കയിലെ കഅ്ബയെ വലംവെയ്ക്കാം (ത്വവാഫ്). ഇതിനായി സ്മാർട്ട് ഗോൾഫ് കാർട്ടുകളെന്ന ചെറിയതരം വാഹനങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ഉംറ നിർവ്വഹിക്കുന്ന റമദാൻ മാസത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് അനായാസം കർമങ്ങൾ നിർവഹിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഹറമിൻ്റെ മുകളിലെ നിലയിലാണ് ഗോൾഫ് കാർട്ട് സേവനം ലഭ്യമാക്കിയിരിക്കുന്നത്. പ്രായമായവരും ഭിന്നശേഷിക്കാരുമായ സ്വദേശികൾക്കും വിദേശികൾക്കും വലിയ ആശ്വാസമാകുകയാണ് പുതിയ സേവനം. നിശ്ചിത സമയക്രമം പാലിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. 10 പേരെ ഉൾക്കൊള്ളാവുന്ന 50 ഗോൾഫ് കാർട്ടുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അജ്യാദ് എസ്കലേറ്ററുകൾ, കിങ് അബ്ദുൽ അസീസ് ഗേറ്റ് എലിവേറ്ററുകൾ, ഉംറ ഗേറ്റ് എലിവേറ്ററുകൾ എന്നീ കവാടങ്ങളിലൂടെ തീർത്ഥാടകർക്ക് ഗോൾഫ് കാർട്ട് സൈറ്റിലെത്താൻ സാധിക്കും.
എല്ലാ ദിവസവും വൈകിട്ട് 4 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ഗോൾഫ് കാർട്ട് സേവനം സന്ദർശകർക്ക് ലഭ്യമാക്കുക. സ്മാർട്ട് ഗോൾഫ് കാർട്ട് സേവനത്തിന് ആളൊന്നിന് 25 റിയാലാണ് ഈടാക്കുന്നത്. ഹറമിൻ്റെ മുകളിലെ നിലയിലെ സെയിൽ പോയിന്റിൽ നിന്ന് ആവശ്യാനുസരണം ടിക്കറ്റുകൾ വാങ്ങാനും സാധിക്കും.