യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ട് നിയന്ത്രണം വിട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം ആടിയുലഞ്ഞതിനെ തുടർന്ന് ഒരു യാത്രക്കാരൻ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് സർവീസ് നടത്തുമ്പോഴാണ് സംഭവം. ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ ലക്ഷ്യമാക്കി പറന്നുയർന്ന sq321 സിംഗപ്പൂർ എയർലൈൻസ് വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാൻ തുടങ്ങിയതോടെയാണ് യാത്രക്കാർക്ക് പരിക്കേറ്റത്. തുടർന്ന് സുരക്ഷയുടെ ഭാഗമായി ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിട്ടു. ചൊവ്വാഴ്ച പ്രാദേശിക സമയം 3.45ന് വിമാനം ബാങ്കോക്കിൽ അടിയന്തരമായി നിലത്തിറക്കി.
ബോയിങ് വിമാനത്തിൽ 18 ക്രൂ മെമ്ബർമാരും 211 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മരിച്ച യാത്രക്കാരന്റെ കുടുംബത്തിൽ ദുഃഖത്തിൽ പങ്കുചേരുന്നതായി എയർലൈൻസ് അറിയിച്ചു. നിരവധിപ്പേർക്ക് പരിക്ക് പറ്റിയതായും സ്ഥിരീകരിച്ച സിംഗപ്പൂർ എയർലൈൻസ്, യാത്രക്കാർക്ക് ആവശ്യമായ വൈദ്യസഹായം ഉൾപ്പെടെ ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അറിയിച്ചിരുന്നു. എസ്‌ക്യു 321 വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോങ് പറഞ്ഞു. യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ സിംഗപ്പൂർ എയർലൈൻസ് പ്രതിജ്ഞാബദ്ധമാണ്.അന്വേഷണത്തിൽ ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങൾ പൂർണമായും സഹകരിക്കുമെന്നും ഗോ ചൂൻ ഫോങ് വ്യക്തമാക്കി.