രക്ഷാകർതൃ-സൗഹൃദ ലേബൽ (parent-friendly label- പിഎഫ്എൽ) നേടി യുഎഇയിലെ പന്ത്രണ്ട് ഓർഗനൈസേഷനുകൾ. അവയിൽ രണ്ടെണ്ണം രക്ഷാകർതൃ സൗഹൃദ നയങ്ങളിലും സമ്പ്രദായങ്ങളിലും ആഗോള നിലവാരം പുലർത്തുകയും ചെയ്തു. അതിനാൽ രണ്ട് ഓർഗനൈസേഷനുകൾ PFL + നേട്ടം കൊയ്തു. ജോലി ചെയ്യുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുന്ന നയങ്ങൾ സ്വീകരിക്കാൻ കമ്പനികളെ PFL പ്രോത്സാഹിപ്പിക്കുന്നു, അവരുടെ കുട്ടികൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം നൽകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. രക്ഷാകർതൃ സൗഹൃദ ലേബൽ ലഭിച്ച സ്ഥാപനങ്ങളെ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു.
കുടുംബ പിന്തുണയ്ക്ക് മുൻഗണന നൽകുന്നത് സർക്കാരിൻ്റെ പ്രാഥമിക ശ്രദ്ധയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു, കുടുംബങ്ങളാണ് വിദ്യാഭ്യാസത്തിൻ്റെ പ്രധാന ഉറവിടവും ശക്തവും സുസ്ഥിരവുമായ ഒരു സമൂഹത്തിൻ്റെ ആണിക്കല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി (ഇസിഎ)യുടെ പാരൻ്റ്-ഫ്രണ്ട്ലി ലേബൽ (പിഎഫ്എൽ) നൽകിയ സ്ഥാപനങ്ങളെ ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
എമിറേറ്റ്സ് നേച്ചർ, ടാപ്പി ടോസ് നഴ്സറി എന്നിവയാണ് PFL+ ക്ലാസിഫിക്കേഷൻ നേടിയത്. ബെയിൻ & കോ, മുബദല ഇൻവെസ്റ്റ്മെൻ്റ് കമ്പനി, നൊവാർട്ടിസ്, നെസ്ലെ, ലിങ്ക്ഡ്ഇൻ , ഹൗബാര ഡിഫൻസ് & സെക്യൂരിറ്റി, വിസ മിഡിൽ ഈസ്റ്റ്, ചൽഹൂബ് ഗ്രൂപ്പ്, നബ്ത ഹെൽത്ത്, വിൻ്റർഷാൽ ഡിഇഎ മിഡിൽ ഈസ്റ്റ് എന്നിവയാണ് രക്ഷാകർതൃ-സൗഹൃദ ലേബൽ കരസ്ഥമാക്കിയ മറ്റ് ഓർഗനൈസേഷനുകൾ. അടുത്ത അവാർഡ് സൈക്കിളിനുള്ള അപേക്ഷകൾ ഫെബ്രുവരി 27 ന് തുടങ്ങി സെപ്റ്റംബർ അവസാനം അവസാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.eca.gov.ae-സന്ദർശിക്കുക.