കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വര്‍ദ്ധിക്കുന്നുവെന്ന് കണക്കുകൾ. ഈ വര്‍ഷം ആറുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്തത് 2021ലെ കേസുകളേക്കാൾ അധികം. ശാരീരിക പീഡനം, ഉപേക്ഷിക്കൽ, അവഗണന തുടങ്ങിയ കേസുകളുെട എണ്ണം വര്‍ദ്ധിച്ചത് ആശങ്കകൾ സൃഷ്ടിക്കുന്നെന്ന് അധികൃതര്‍.
കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 2,168 റിപ്പോർട്ടുകൾ അധികാരികൾക്ക് ലഭിച്ചപ്പോൾ 2022 ജൂൺ അവസാനം വരെ 2,038 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2007-ൽ ചൈൽഡ് ആൻഡ് ഫാമിലി പ്രൊട്ടക്ഷൻ പ്രവര്‍ത്തനം ആരംഭിച്ചതു മുതൽ ഈ വർഷം ജൂൺ അവസാനം വരെ 10,828 കേസുകൾ ഷാര്‍ജയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് സ്കൂളുകളിലും കുടുംബങ്ങളിലും ബോധവത്കരണം ശക്തമാക്കാനാണ് തീരുമാനമെന്ന് ഷാര്‍ജ ചൈൽഡ് ആൻഡ് ഫാമിലി പ്രൊട്ടക്ഷൻ ഡയറക്്ടര്‍ ആമിന അൽ റിഫായി വ്യക്തമാക്കി. കുട്ടികളെ ദുരുപയോഗിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ആളുകൾ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുന്നുണ്ടെന്നും അതാണ് കണക്കുകളിലെ വര്‍ദ്ധനവിന് കാരണമെന്നും അമിന അല്‍ റിഫായി സൂചിപ്പിച്ചു.
കുടുംബാംഗങ്ങളൊ , പരിചയക്കാരൊ, പൊതുജനങ്ങളൊ റിപ്പോര്‍ട്ട് ചെയ്ത കേസുകളാണ് അധികവും. ചില കേസുകളില്‍ കുട്ടികൾ നേരിട്ട് പരാതിപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു. കുട്ടികളെ അവഗണിക്കുന്ന സംഭവത്തില്‍ ഗൗരവമായ അവബോധം നൽകേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ചൈൽഡ് ആൻഡ് ഫാമിലി പ്രൊട്ടക്ഷൻ ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ അശ്രദ്ധയും അസന്തുലിതമായി കുടുംബ ബന്ധങ്ങളും ഒക്കെ കുട്ടികളെ ബാധിക്കുന്നതായാണ് കണ്ടെത്തല്‍.
സാമൂഹ്യ വകുപ്പിന് കീഴില്‍ കുട്ടികളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികൾ തയ്യാറിക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനാണ് അധികൃതരുടെ നീക്കം.