ഷാർജ റിയൽ എസ്റ്റേറ്റ് എക്സിബിഷൻ ‘ഏക്കർസ് 2024’ ജനുവരി 17ന് ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കും. ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന എക്സിബിഷൻ 20നാണ് സമാപിക്കുക.
കിരീടാവകാശിയും ഷാർജ ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മേളയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 372 പുതിയ റിയൽ എസ്റ്റേറ്റ് കമ്പനികൾ പ്രദർശനത്തിനെത്തും. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രിയും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പും സഹകരിച്ചാണ് പ്രദർശനം ഒരുക്കുന്നത്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിർമ്മാതാക്കൾക്കും പുതിയ പ്രൊജക്ടുകൾ പരിചയപ്പെടുത്താനുള്ള വേദി എന്ന നിലയിലാണ് പ്രദർശനം നടത്തിവരുന്നത്. ഇത്തവണ യുഎഇ, ഒമാൻ, ജോർദാൻ, ജോർജിയ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് കമ്പനികളാണ് പ്രധാനമായും മേളയിൽ പങ്കെടുക്കുന്നത്.