ചെറിയ പെരുന്നാളിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഇതോടെ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകളെല്ലാം ആരംഭിച്ചിരിക്കുകയാണ് ജനങ്ങൾ. ഈ അവസരത്തിൽ 43 ടീമുകളെ വിന്യസിപ്പിച്ച് എമിറേറ്റിന്റെ സുരക്ഷ ഉറപ്പാക്കാനൊരുങ്ങുകയാണ് ഷാർജ മുനിസിപ്പാലിറ്റി.
ഈദുൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായാണ് വിവിധ ടീമുകളെ വിന്യസിച്ചിരിക്കുന്നത്. ഭക്ഷ്യ സ്ഥാപനങ്ങൾ, സലൂണുകൾ, ബീച്ച് ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം കർശനമായ പരിശോധനകൾ നടത്താനാണ് തീരുമാനം. ഇതിനുപുറമെ പ്രാർത്ഥനാ സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിനും ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പൊതു സുരക്ഷയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും പ്രാധാന്യം നൽകുന്നതിനായി റെസ്റ്റോറൻ്റുകൾ, ബേക്കറികൾ, സ്വീറ്റ് ഷോപ്പുകൾ എന്നിവയുൾപ്പെടെയുള്ളവയിൽ പെരുന്നാൾ സമയത്ത് പരിശോധന നടത്തുമെന്നും ഭക്ഷണ സ്ഥാപനങ്ങൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. അതോടൊപ്പം പ്രത്യേക സംഘങ്ങൾ തെരുവ് കച്ചവടക്കാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷിക്കുമെന്നും നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.