സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് സൗദി. ആറ് മേഖലകളെക്കൂടി സ്വദേശിവത്കരണത്തിന്‍റെ പരിധിയില്‍പ്പെടുത്തിയതായി മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. ഗാതാഗതം, വ്യോമയാനം, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാഴ്സല്‍ ഗതാഗതം, ഒപ്റ്റിക്കല്‍സ്, ഉപഭോക്ത്യ സേവനം എന്നീ മേഖലകളിലാണ് പുതിയതായി സ്വദേശിവത്കരണം നടപ്പാക്കുക.
രാജ്യത്തിന്‍റെ സമ്പത് വ്യവസ്ഥയില്‍ സ്വദേശി യുവതീയുവാക്കൾക്ക് കൂടുതല്‍ പ്രാധിനിധ്യം നല്‍കുന്നതിന്‍റെ ഭാഗമായാണ് നടപടി. പുതിയ നീക്കത്തിലൂടെ 33,000 സ്വദേശിപൗരന്‍മാര്‍ക്ക് തൊഴിലവസരം ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. വ്യോമയാന മേഖലയിലെ തൊഴിലവസരങ്ങൾ രണ്ട് ഘട്ടമായാണ് നടപ്പാക്കുക. 60 ശതമാനം 2023 മാര്‍ച്ച് 15 നടപ്പാക്കാനാണ് നീക്കം. രണ്ടാം ഘട്ടം 2024 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും.
ഒപ്ടിക്കല്‍ മേഖലയില്‍ 50 ശതമാനം സ്വദേശിവത്കരണമാണ് വിഭാവനം ചെയ്യുന്നത്. മെഡിക്കല്‍ ടെക്നീഷ്യന്‍, ഫിസിക്കല്‍ ലബോറട്ടറി, ലൈറ്റ് ആന്‍റ് ഒപ്ടിക്സ് മേഖലകളിലാണ് പദ്ധതി. വാഹന പരിശോധനയില്‍ നൂറ് ശതമാനം സ്വദേശിവത്കരണവും നടപ്പാക്കും.
സെയില്‍സ് ഔട് ലെറ്റുകളിലെ തസ്തികകളും സ്വദേശിവത്കരണത്തിന്‍റെ പരിധിയില്‍പ്പെടുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റജ്ഹി അറിയിച്ചു. കഴിഞ്ഞ മാസം എട്ട് പ്രധാന തസ്തികകൾ ഉൾപ്പടെ 21 മേഖലകളില്‍ സൗദി സ്വകാര്യവത്കരണം നടപ്പാക്കിയിരുന്നു.