സൗദിയില്‍ പക്ഷികളേയും മൃഗങ്ങളേയും വേട്ടയ്ക്ക് തീയതികൾ പ്രഖ്യാപിച്ചു. സീസണില്‍ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പക്ഷികളേയും മൃഗങ്ങളേയും വേട്ടയാടുനുളള അനുമതിയും സൗദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് പുറത്തുവിട്ടു. അഞ്ച് മാസത്തെ വേട്ടയാടൽ സീസന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചും ഡാറ്റാ വിശകലനത്തിന്‍റേയും അടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക.
പ്രകൃതിവിഭവങ്ങളുടെ ഉപയോഗവും ജൈവവൈവിധ്യങ്ങളുടെ സംരക്ഷണവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ലക്ഷ്യമിട്ടാണ് വേട്ടക്ക് അനുമതി നല്‍കുക. ഈ വര്‍ഷം സെപ്തംബർ 1 മുതൽ ജനുവരി അവസാനം വരെ മുന്‍കൂര്‍ അനുമതിയുളള പ്രദേശങ്ങളിൽ കാട്ടുവേട്ട നടത്താനാകും.
ലൈസന്‍സ് വേണം
നഗരങ്ങൾ, ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയുടെ അതിരുകൾക്കുള്ളിലും സൈനിക, വ്യാവസായിക മേഖലകളിലും വേട്ടയാടാന്‍ അനുമതിയില്ല. ശരത്കാല സീസണിൽ 25 നിർദ്ദിഷ്‌ട ഇനങ്ങൾക്കും ശൈത്യകാലത്ത് നാല് തരത്തിനും ഇനങ്ങൾക്കും മാത്രമേ അനുമതി ലഭിക്കൂ. ഫിട്രി പ്ലാറ്റ്‌ഫോം വഴി വേട്ടയ്ക്ക് ലൈസൻസുൾ സ്വന്തമാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
വേട്ട മാനദണ്ഡങ്ങളോടെ
വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ, പക്ഷികൾ, ഇരപിടിയൻ പക്ഷികൾ എന്നിവയെ വേട്ടയാടുന്നത് ശാശ്വതമായി നിരോധിച്ചിട്ടുണ്ട്. ഷോട്ട് ഗൺ, മീൻപിടിത്ത വല, വാതകങ്ങൾ, കെണികൾ തുടങ്ങി അംഗീകൃത മാര്‍ഗങ്ങളിലൂടെയാണ് പക്ഷികളേയും മൃഗങ്ങളേയും വേട്ടയാടാനാവുക. അതേസമയം നിയമ ലംഘകര്‍ക്ക് കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.