വ്യാജ ഹജ് പരസ്യങ്ങൾ പ്രചരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി പൊതു സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി. നിലവിൽ ഹജ് നിര്‍വ്വഹിക്കുവാന്‍ സൗദിക്ക് അകത്ത് ഉള്ളവർക്ക് ഹജ്- ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, നുസ്‌ക് ആപ്പ് എന്നിവ വഴി മാത്രമാണ് ഹജ്ജ് നിർവഹിക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്. ഈ രണ്ട് സർക്കാർ സേവനങ്ങളിൽ ഏതെങ്കിലും ഒന്നില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാത്രമായിരിക്കും സൗദിയില്‍നിന്നും ഹജ് കര്‍മ്മത്തില്‍ പങ്കെടുക്കാനാവുക.
അതേസമയം ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പരസ്യങ്ങള്‍ പ്രചരിക്കുന്നത്. സുരക്ഷാ അധികാരികള്‍ ഇത്തരം പരസ്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് സൗദി പോലീസ് അറിയിച്ചു. കൂടാതെ അത്തരം പരസ്യങ്ങള്‍ കൊടുക്കുന്നവർക്കും അതിന്റെ ചുമതല വഹിക്കുന്നവർക്കും സൗദിയിലെ നിയമം അനുശാസിക്കുന്ന പിഴ അടക്കമുള്ള ശിക്ഷാ പടപടികള്‍ സ്വീകരിക്കുമെന്ന് സൗദി പൊതു സുരക്ഷാവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.