വെൻഡിങ് മെഷീൻ വഴി എൽ.പി.ജി സിലിണ്ടർ വിതരണം ചെയ്യാനൊരുങ്ങി സൗദി ഊർജ മന്ത്രാലയം. ഇതിനാവശ്യമായ ലൈസൻസ് മന്ത്രാലയം ഇതിനോടകം അനുവദിച്ചു തുടങ്ങി. ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാതക വിതരണ സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതിന്റെ ഭാഗമായി ഗ്യാസ് സ്റ്റേഷനുകളിലും വലിയ റീട്ടെയിൽ മാർക്കറ്റുകളിലും ഗ്യാസ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും.
സേവനങ്ങളുടെ നിലവാരം നവീകരിക്കുക, ഗ്യാസ് വിതരണത്തിന്റെ ലഭ്യതയും സുരക്ഷയും ഉറപ്പുവരുത്തുക, സേവനത്തിനുള്ള മാനദണ്ഡങ്ങളുടെ നിലവാരം ഉയർത്തുക, സാങ്കേതികവിദ്യ സ്വദേശിവത്കരിക്കുക, ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, ഗ്യാസ് സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും വിൽക്കാനുള്ള ഔട്ട് ലെറ്റുകൾ വൈവിധ്യവത്കരിക്കുക തുടങ്ങിയവയാണ് പുതിയ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
വാതകങ്ങൾ നിശ്ചിത സ്ഥലത്ത് എത്തിക്കാനും ബോട്ടിലിങ്-സ്റ്റോറേജ് സൗകര്യം ഒരുക്കാനും മെഷീനുകൾ സ്ഥാപിക്കാനും ആഗ്രഹിക്കുന്ന കമ്പനികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. മുഴുവൻസമയം ഉപഭോക്താക്കൾക്ക് ഗ്യാസ് വെൻഡിങ് മെഷീനുകൾ വഴി സേവനം ലഭ്യമാക്കും. കൂടാതെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കാൻ കഴിയുന്ന വിധത്തിലായിരിക്കും മെഷീനുകൾ സ്ഥാപിക്കുക.