ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസമായി ഇന്ത്യയിലേയ്ക്ക് പുതിയ സർവ്വീസ് ആരംഭിച്ച് സലാം എയർ. മസ്കത്തിൽ നിന്നും ചെന്നൈയിലേക്കാണ് സലാം എയർ സർവീസ് ആരംഭിച്ചത്.
ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായാണ് എയർലൈൻ ഇരു ഭാഗങ്ങളിലേക്കും സർവീസ് നടത്തുക. വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11 മണിക്ക് മസ്കത്തിൽ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4.15ന് ചെന്നൈയിൽ എത്തും. പിന്നീട് ചെന്നൈയിൽ നിന്നും പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് രാവിലെ 7.25ന് മസ്കത്തിൽ എത്തിച്ചേരും.
ഉദ്ഘാടന സർവീസ് നടത്തിയ സലാം എയർ വിമാനത്തിനും ജീവനക്കാർക്കും ചെന്നൈ വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് ഒരുക്കിയത്. എയർലൈൻ പുതിയ സർവ്വീസ് ആരംഭിച്ചതോടെ പ്രവാസി ഇന്ത്യക്കാരുടെ യാത്രാ ദുരിതത്തിന് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം മസ്കത്തിൽ നിന്ന് ഡൽഹിയിലേയ്ക്കും സലാം എയർ പുതിയ സർവീസ് ആരംഭിച്ചിരുന്നു.