വെബ്സൈറ്റ് വഴി നോൽ കാർഡ് റീചാർജ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). വ്യാജ വെബ്സൈറ്റിലൂടെ റീചാർജ് ചെയ്യുമ്പോൾ പണം നഷ്ടമാകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആർ.ടി.എ മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞ ദിവസം ദുബായ് നിവാസിക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 30 ദിർഹത്തിന് നോൽ കാർഡ് റീചാർജ് ചെയ്യുന്നതിനിടെ 1,051 ദിർഹം നഷ്ടമായിരുന്നു. ആർ.ടി.എയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിനെ വെല്ലുന്ന തരത്തിലാണ് വ്യാജ വെബ് സൈറ്റുകളുടെ നിർമ്മാണമെന്നതിനാൽ ഇവ എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കില്ല. അതിനാൽ നോൽ കാർഡ് ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ആർ.ടി.എ അധികൃതർ അറിയിച്ചു.
വെബ്സൈറ്റ് അഡ്രസ് സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജനെ തിരിച്ചറിയാൻ സാധിക്കുമെന്നും വ്യക്തിപരമായ വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ്സൈറ്റ് വ്യാജമല്ലെന്ന് പലതവണ ഉറപ്പുവരുത്തണമെന്നും യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ തലവൻ ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു.