ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അഭിനന്ദന പ്രവാഹം. ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് രോഹിത് പതിനായിരം നാഴികക്കല്ല് പിന്നിട്ടത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 22-ല്‍ എത്തിയപ്പോഴാണ് രോഹിതിൻ്റെ നേട്ടം. ഏഴാം ഓവറിൽ ദാസുൻ ശനകയുടെ പന്ത് സിക്സിനു പറത്തിയാണ് രോഹിത് പതിനായിരം ക്ലബ്ബിൽ പ്രവേശിച്ചത്.
ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന പതിനഞ്ചാമത്തെ താരവുമാണ് രോഹിത്. വിരാട് കോലി കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും രോഹിത്തിന് സ്വന്തമായി.
2001ൽ ഇന്ത്യൻ താരം സച്ചിൻ തെൻഡുൽക്കറാണ് ഏകദിന ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ചത്. ഓസീസിനെതിരായ മത്സരത്തിലായിരുന്നു സച്ചിൻ്റെ നേട്ടം. 259 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിൻ പതിനായിരത്തിലെത്തിയത്. എന്നാൽ പിന്നലെയെത്തിയ കോഹ്ലി 205ആം ഇന്നിംഗ്സിൽ പതിനായിരം മറികടന്നു. അതേസമയം 241 ഇന്നിംഗ്സുകളാണ് രോഹിതിന് വേണ്ടിവന്നത്.
ഇതിനിടെ ടൂർണമെൻ്റിൽ കോഹ്ലി 13,000 തികച്ചതും ഇന്ത്യൻ ആരാധകർക്ക് ആവേശമായി. പാകിസ്ഥാനെതിരായ മത്സരത്തിലായിരുന്നു കോഹ്ലിയുടെ നേട്ടം. ആരാധകർക്ക് പുറമെ മുതിർന്ന താരങ്ങളും കോഹ്ലിക്കും രോഹിതിനും ആശംസകൾ അറിയിച്ചിട്ടുണ്ട്.