ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള കുടിയേറ്റ നടപടിക്രമങ്ങൾ ലളിതമാക്കുന്ന റോഡ് ടു മക്ക പദ്ധതി നടപ്പാക്കാനുള്ള കരാറിൽ സൗദി അറേബ്യയും പാക്കിസ്ഥാനും ഒപ്പുവച്ചു.സൗദി ആഭ്യന്തര ഉപമന്ത്രി ഡോ.നാസർ അൽ ദാവൂദും പാകിസ്ഥാൻ ആഭ്യന്തര മന്ത്രി റാണ സനാ ഉല്ലയും തമ്മിൽ ഇസ്ലാമാബാദിൽ കരാറുകളിൽ ഒപ്പുവെച്ചതായി സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
കരാർ പ്രകാരം ഹജ്ജ്, ഉംറ തീർഥാടകർക്ക് തീർഥാടനത്തിനായി പാകിസ്ഥാനിൽ നിന്ന് പുറപ്പെടുന്ന സ്ഥലങ്ങളിൽ ഇമിഗ്രേഷൻ സൗകര്യം ഒരുക്കും. ആദ്യഘട്ടത്തിൽ 26,000 തീർഥാടകർക്ക് ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സേവനം ലഭ്യമാകും. പിന്നീട് കറാച്ചി, ലാഹോർ വിമാനത്താവളങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. പാകിസ്ഥാനിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ ഞായറാഴ്ച ആരംഭിക്കും, അവസാന വിമാനം ജൂൺ 21 ന് സൗദി അറേബ്യയിലേക്ക് പുറപ്പെടും.
വിദേശത്ത് നിന്നുള്ള തീർഥാടകർക്ക് യാത്രാ നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള നടപടികളാണ് മക്ക റൂട്ട് സംരഭമെന്ന പേരിൽ അറിയപ്പെടുന്നത്. 2018മുതൽ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് സൌദി മക്ക റൂട്ട് സംരംഭം നടത്തിവരുന്നുണ്ട്. എല്ലാ വർഷവും ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ എത്തുന്ന മലേഷ്യയിലും ഇന്തോനേഷ്യയിലുമാണ് ഈ സേവനം ആദ്യമായി അവതരിപ്പിച്ചത്.
വിസകൾ, കസ്റ്റംസ്, പാസ്‌പോർട്ട് നടപടിക്രമങ്ങൾ, ആരോഗ്യ ആവശ്യകതകൾ , ലഗേജുകൾ തരംതിരിക്കൽ, സൗദി അറേബ്യയിലെ പാർപ്പിട ക്രമീകരണങ്ങൾ എന്നിവയാണ് സേവനങ്ങളിൽ ഉൾപ്പെടുന്നുത്. എല്ലാ സേവനങ്ങളും മാതൃരാജ്യത്തോ താമസിക്കുന്ന രാജ്യത്തോ പുറപ്പെടുന്ന സ്ഥലത്ത് നിന്നാണ് കൈകാര്യം ചെയ്യുന്നത്.