മതസ്വാതന്ത്ര്യത്തില്‍ ഇന്ത്യയെ ആശങ്കയുളള രാജ്യമായി കണക്കാക്കാന്‍ നടപടിവേണമെന്ന് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം. ഡെമോക്രാറ്റിക് അംഗം ഇല്‍ഹാന്‍ ഉമറാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ അംഗങ്ങളായ റഷീദ തയ്ബ് , ജുവാന്‍ വര്‍ഗാസ് എന്നിവര്‍ പിന്തുണച്ചു. മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യയെ ഈ ഗണത്തില്‍പ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
യുഎസ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സമിതിയുടെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിലെ ഭരണകൂടം ഹിന്ദുത്വ അജണ്ട മുന്നോട്ട് വയ്ക്കുന്നതായും ഇത് മുസ്ലീം , ക്രിസ്ത്യന്‍, സിഖ്, ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു.
മത സ്വാതന്ത്യസമിതിയുടെ നിര്‍ദ്ദേശങ്ങൾ യുഎസ് നടപ്പാക്കണമെന്നാണ് പ്രമേയം പ്രധാനമായും ആവശ്യപ്പെട്ടത്. പ്രമേയം തുടര്‍നടപടികൾക്കായി വിദേശകാര്യ കമ്മറ്റിയുടെ പരിഗണയ്ക്ക് അയച്ചു. അതേസമയം കശ്മീര്‍ വിഷയത്തിലടക്കം ഇല്‍ഹാന്‍ ഉമര്‍ നേരത്തേയും ഇന്ത്യയ്ക്കെതിരേ ശക്തമായ വിമര്‍ശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ആഫ്രിക്കന്‍ വംശജയാണ് ഇല്‍ഹാന്‍ ഉമര്‍. പാക് അനുകൂല നിലപാട് ഇല്‍ഹാന്‍ സ്വീകരിക്കുന്നതെന്നാണ് ഇന്ത്യുടെ ആക്ഷേപം. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങൾക്കെതിരേ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ഇല്‍മാന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്.