യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതോടെ ജാഗ്രതാ നിർദേശവുമായി അധികൃതർ. ദുബായ്, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ 12.30 മുതൽ മൂടൽമഞ്ഞ് രാജ്യത്തെ മൂടാൻ തുടങ്ങിയിരുന്നു. ദുബായിലെ ജബൽ അലി, എക്സ്പോ സിറ്റി, അൽ ഖവാനീജ്, ദുബായ്-അൽ ഐൻ റോഡ്, അബുദാബിയിലെ കിസാദ്, അൽ ദഫ്റ മേഖല എന്നിവിടങ്ങളിലെ റോഡുകളിലും മൂടൽമഞ്ഞ് രൂക്ഷമായിരുന്നു. ഷാർജ ഇൻ്റർനാഷണൽ എയർപോർട്ട്, റാസൽഖൈമ എയർപോർട്ട്, അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളെ ഈ കാലാവസ്ഥ സാരമായിത്തന്നെ ബാധിച്ചിരുന്നു.
പ്രധാന റോഡുകളിൽ മഞ്ഞിനേത്തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതോടെ പല റോഡുകളിലും അധികൃതർ വാഹനങ്ങളുടെ വോഗതാ പരിധി കുറക്കുകയും വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. മുഹമ്മദ് ബിൻ റാഷിദ് കിസാദ് സ്ട്രീറ്റ് മുതൽ അൽ സമീഹ് വരെ, മക്തൂം ബിൻ റാഷിദ് സ്ട്രീറ്റ് റോഡ് (കിസാദ് പാലം മുതൽ ഘന്തൂട്ട് വരെ), തഹ്നൂൻ ബിൻ മുഹമ്മദ് അൽ ഐൻ സ്ട്രീറ്റ് – ദുബായ് (റിസർവ് ടണൽ – അൽ ഫോഹ്), സ്വീഹാൻ റോഡ്, മക്തൂം ബിൻ റാഷിദ് റോഡ് (കിസാദ് – അൽ അജ്ബാൻ) എന്നിവിടങ്ങളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചു.