കാര്‍ വിപണിയില്‍ പുതിയ തരംഗം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ലൈറ്റ് ഇയര്‍ സീറൊ എന്ന ഡച്ച് കമ്പനി. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന 150 കാറുകൾ യൂറോപ്പില്‍ പുറത്തിറക്കിയതിന് പുറമെ യുഎഇ ഉൾപ്പെടെ മിഡില്‍ ഈസ്റ്റിലും കൂടുതല്‍ വാഹനങ്ങൾ നിരത്തിലിറക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി.
ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ റെഡി സോളാർ കാർ അടുത്ത വർഷം ആദ്യം യുഎഇയിൽ എത്തുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഷാർജ റിസർച്ച് ടെക്നോളജി, ഇന്നൊവേഷൻ പാർക്ക് എന്നിവയുമായി ചേർന്ന് ഡച്ച് കമ്പനി യുഎഇയില്‍ ഓഫീസ് തുറക്കാനൊരുങ്ങുകയാണ്. ആദ്യ ഘട്ടമായി 894,000 ദിർഹം മുതല്‍ മുടക്കില്‍ കാറുകൾ മിഡിൽ ഈസ്റ്റിലെ നിരത്തുകളില്‍ ഇറക്കും.
കാറിന്റെ മേൽക്കൂരയിലും ബോണറ്റിലും അഞ്ച് ചതുരശ്ര മീറ്റർ സോളാർ പാനലുകൾ ഘടിപ്പിച്ചാണ് ഊര്‍ജ്ജ ഉത്പാദനം. വാഹനങ്ങൾ ഓടുമ്പോഴും പാര്ക്കുചെയ്യുമ്പോഴും റീ ചാര്‍ജ്ജിംഗ് നടക്കും. പ്രത്യേകം പ്ളഗ് ഇന്‍ ചെയ്യാതെ മാസങ്ങളോളം ഡ്രൈവിംഗ് തുടരാനാകുമെന്നും കമ്പനി പറയുന്നു.
മിഡില്‍ ഈസ്റ്റിലെ ചൂടുളള കാലാവസ്ഥ സോളാര്‍ കാറുകൾക്ക് അനുയോജ്യമാണെന്നും ഏഴ് മാസം വരെ കാര്‍ സുഗമമായി പ്രവര്ക്കിക്കുമെന്നും കമ്പനി വിലയിരുത്തുന്നു. യൂറോപ്പിൽ പരീക്ഷിച്ച കാറുകൾ ഒറ്റ ബാറ്ററി ചാർജിൽ 600 കിലോമീറ്ററിലധികം മൈലേജ് ലഭ്യമായി. ശരാശരി 70 കിലോമീറ്റര്‍ വേഗമാണ് ഇൗ മോഡലുകൾക്കുളളത്.
സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഷര്‍ജയില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ഷാർജ റിസർച്ച് ടെക്നോളജിയുടേയും ഇന്നൊവേഷൻ പാർക്കിന്റേയും സഹകരണത്തോടെ കൂടുതല്‍ ഗവേണങ്ങളും നടത്തും. പുതിയ മോഡലുകൾ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്നും കമ്പനി ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ടോം സെൽറ്റൻ വ്യക്തമാക്കി.