മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സംസ്ഥാനത്ത് രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെയുമാണ് അപ്രതീക്ഷിതമായി കല്ലേറുണ്ടായത്. അക്രമങ്ങളില്‍ ആര്‍ക്കും പരുക്കേറ്റില്ല എന്നാണ് റിപ്പോർട്ട്.
കാഞ്ഞങ്ങാട് ഉച്ചയ്ക്ക് 3.45ഓടെയാണ് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. അക്രമത്തില്‍ ട്രെയിനിന്റെ ഗ്ലാസ് പൊട്ടിയിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു രാജധാനി എക്സ്പ്രസിന്റെ ഗ്ലാസിലേക്ക് കല്ലേറുണ്ടായതായി യാത്രക്കാരാണ് ആദ്യം കണ്ടെത്തിയത്. എ സി കോച്ചിന്റെ ഗ്ലാസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസും ആര്‍പിഎഫും സംഭവ സ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.
എന്നാൽ അക്രമിയെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അക്രമം ആസൂത്രിതമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പരിശോധനകള്‍ക്ക് ശേഷം ട്രെയിനിന്റെ യാത്ര പുനരാരംഭിക്കുകയും ചെയ്തു. അതേസമയം മലപ്പുറത്ത് വച്ചാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. മലപ്പുറം താനൂരിനും പരപ്പനങ്ങടിക്കും ഇടയില്‍ വച്ചായിരുന്നു കല്ലേറ്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ സര്‍വീസിന് നേരെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ആർക്കും പരിക്കുകളില്ല.