യുഎഇയിൽ പ്രകടമാകുന്ന മഴ ബുധനാഴ്ച വരെയും തുടരുമെന്ന് യുഎഇ ദേശിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച രാത്രി ചാറ്റൽ മഴ പെയ്യാനും സാധ്യതയുണ്ട്. അതേസമയം പുതുവത്സരാഘോഷങ്ങളെ മഴ ബാധിക്കാനിടയില്ലെന്നാണ് നിരീക്ഷണം.
ചൊവ്വാഴ്ച വൈകിട്ടോടെ കനത്ത മഴയ്ക്ക് ശമനം ഉണ്ടാകും. താപനില 23 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും. ബുധനാഴ്ച താപനില 25 ഡിഗ്രിയില്‍ എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ഡിസംബർ 31 ന് അർദ്ധരാത്രിയിലെ താപനില ഏകദേശം 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നു.
തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. മഴയും മൂടല്‍ മഞ്ഞും തുടരുന്നതിനാല്‍ അപകടങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ റോഡുകളിൽ ജാഗ്രത പാലിക്കണമെന്ന് ഗതാഗത വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് റോഡ് അടയാളങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വ്യത്യസ്ത വേഗത പരിധികൾ പാലിക്കാൻ വാഹനമോടിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാന നോളജ് പോർട്ടൽ പ്രകാരം യുഎഇയിൽ പ്രതിവർഷം ശരാശരി 140 മില്ലിമീറ്ററിനും 200 മില്ലീമീറ്ററിനും ഇടയിൽ മഴ പെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ പർവതപ്രദേശങ്ങളിൽ പ്രതിവർഷം 350 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതായും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.