സൗദി അറേബ്യയിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത. സൗദി സിവിൽ ഡിഫെൻസ് അധികൃതരാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഈ കാലയളവിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴ, കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവയ്ക്ക് സാധ്യതയുള്ളതായാണ് വിലയിരുത്തൽ. അതോടൊപ്പം ശക്തമായ കാറ്റിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനുള്ള സാധ്യതയുമുണ്ട്. അസീർ, ബാഹ, ജസാൻ, മദീന, നജ്റാൻ, റിയാദ് തുടങ്ങിയ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്ക് കാരണമാകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ജലാശയങ്ങൾ, വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ, താഴ്വരകൾ തുടങ്ങിയ സ്ഥാലങ്ങളിലേയ്ക്ക് പോകരുതെന്നും അധികൃതർ നിർദേശിച്ചു. വാഹന യാത്രക്കാരും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.