കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചരക്ക് ലോറിയിൽ യാത്ര ചെയ്യുന്ന വീഡിയോ വൈറൽ. കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിൽ നിന്ന് അംബാലയിലേക്ക് യാത്ര ചെയ്ത ലോറി ഡ്രൈവർമാരെ അംബരിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോറിയിലേക്ക് കയറിയത്. ചരക്കുലോറിയിൽ ഡ്രൈവർക്ക് സമീപമുള്ള സീറ്റിലിരുന്ന് അവരോടൊപ്പം രാഹുൽ ഗാന്ധി യാത്ര ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മറ്റ് വാഹനങ്ങളിൽ പോകുന്നവരെ രാഹുൽ കൈവീശി കാണിച്ച് അഭിവാദ്യം ചെയ്യുന്നതായും വിഡിയോയിൽ കാണാം.
ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലേക്ക് അമ്മ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതിനായി പോകുകയായിരുന്നു രാഹുൽ. ഇതിനിടെയാണ് രാഹുൽ ട്രക്കിൽ യാത്ര നടത്തിയത്. ഹരിയാനയിലെ സോനിപട്ടിലെ ഒരു ധാബയിൽ വച്ച് ചരക്കുലോറി ഡ്രൈവർമാരെ കണ്ടുമുട്ടുകയും അവരോടൊപ്പം യാത്ര ചെയ്യാൻ ആഗ്രഹവും പ്രകടിപ്പിച്ചു. ഇവരുമായി സംസാരിച്ച് അംബാല വരെ ലോറിയിൽ പോകുന്നതിന് രാഹുൽ തീരുമാനിക്കുകയിരുന്നു. അതിനിടയിൽ അവരുടെ ജോലിയെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം അവരോട് ചോദിച്ച് അറിയുകയും ചെയ്തു.
ഏകദേശം 90 ലക്ഷം ഡ്രൈവർമാരാണ് ഇന്ത്യയിലെ നിരത്തുകളിൽ ലോറി ഓടിക്കുന്നത്. അവർക്ക് അവരുടേതായ ഒരുപാട് പ്രശ്നങ്ങളുണ്ട്. രാഹുൽ അവരുടെ മൻ കി ബാത്ത് കേട്ടു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയെ പരിഹസിച്ച് കൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തു. അതേസമയം തികച്ചും അപ്രതീക്ഷിത നീക്കമാണ് രാഹുൽ നടത്തിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പൊതുജനസമ്പർക്കം വർധിപ്പിക്കുന്നതിനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.