സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ കരാറുകൾ ഓൺലൈൻ വഴി പരിശോധിക്കാൻ സംവിധാനമൊരുക്കി ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. തൊഴിൽ മേഖലയിലെ സുഗമമായ പ്രവർത്തനത്തിന് പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
സർക്കാർ സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്താതെ ഗാർഹിക തൊഴിലാളികൾക്ക് കരാറുകൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. തൊഴിൽ കരാർ ആധികാരികമാക്കുന്ന പ്രക്രിയ പൂർത്തിയാകുന്നതോടെ ഓട്ടോമാറ്റിക് കരാർ ഓഡിറ്റ് ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 11 വ്യത്യസ്ത ഭാഷകളിൽ കരാർ ലഭ്യമാണ്. കരാറിന്റെ സ്ഥിരീകരണത്തിന് ശേഷം സ്ഥാപനത്തിനും തൊഴിലാളിക്കും അവ പ്രിന്റ് ചെയ്യാനുള്ള സൗകര്യവും ഇ-പ്ലാറ്റ്ഫോം നൽകുന്നുണ്ട്.
നാഷണൽ ഓതന്റിക്കേഷൻ സംവിധാനം ഉപയോഗിച്ച് തൊഴിലുടമകളുടെ പോർട്ടലിലൂടെ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാം. തൊഴിലാളികളുടെയും വ്യക്തികളുടെയും പോർട്ടലിലൂടെ കരാറിലെ വിവരങ്ങളും വ്യവസ്ഥകളും പരിശോധിക്കാനും അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനും സാധിക്കും.