നാലാമത് ഖത്തർ ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവലിന് ഗംഭീര തുടക്കം. വിവിധ രൂപങ്ങളിലും നിറങ്ങളിലും സജ്ജമായ ബലൂണുകളിൽ കയറി ആകാശ സഞ്ചാരത്തിന് കൊതിക്കുന്നവർക്കുള്ള മികച്ച അനുഭവമാണ് ബലൂൺ ഫെസ്റ്റിവൽ. 12 ദിവസം നീണ്ടുനിൽക്കുന്ന ബലൂൺ ഫെസ്റ്റിനാണ് കതാറ കൾചറൽ വില്ലേജിൽ തുടക്കം കുറിച്ചത്. 55 ഹോട്ട് എയർ ബലൂണുകളാണ് ഇത്തവണ ഫെസ്റ്റിന്റെ ഭാഗമാകുന്നത്. ആദ്യഘട്ടത്തിൽ 30 ബലൂണുകളായിരിക്കും ഖത്തറിന്റെ ആകാശത്ത് പറക്കുക.
കാലാവസ്ഥ അനുകൂലമാകുന്ന ദിവസങ്ങളിൽ സൂര്യോദയത്തിന് ശേഷമാണ് ബലൂണുകളിലേറി പറക്കാനുള്ള സൗകര്യമൊരുക്കുന്നത്. കാറ്റിന്റെ ദിശക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് തലേദിവസം രാത്രി തീരുമാനിക്കുന്ന ഹോട്ട് എയർ ബലൂൺ ടേക് ഓഫ് സൂര്യോദയ സമയത്താണ് നടക്കുക. അതേസമയം 50 ഹോട്ട് എയർ ബലൂണുകൾ ഒരേസമയം പറന്നുയരുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ടേക് ഓഫ് ലൊക്കേഷൻ അറിയുന്നതിന് വേണ്ടി ഫെസ്റ്റിവലിന്റെ സോഷ്യൽ മീഡിയ പേജുകൾ ഇടക്കിടെ സന്ദർശിക്കുക്കാൻ അധികൃതർ അറിയിച്ചു. കൂടാതെ പൊതുജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിന് 1000 ഹോട്ട് എയർ ബലൂൺ റൈഡ് ടിക്കറ്റുകൾ 499 റിയാലിന് സബ്സിഡി നിരക്കിൽ സംഘാടകർ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, കുട്ടികൾക്കുള്ള ഗെയിമുകൾ, പ്രത്യേക ഫാമിലി ഏരിയ, ഫുഡ് കോർട്ട്, അതിഥികൾക്കുള്ള വി.ഐ.പി മജ്ലിസ് എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹോട്ട് എയർ ബലൂണുകളാണ് ഫെസ്റ്റിൽ പങ്കാളികളാകുന്നത്. തുർക്കി, നെതർലൻഡ്സ്, ബ്രിട്ടൻ, ഫ്രാൻസ്, ഗ്രീസ്, സൗദി, ജർമനി, അമേരിക്ക, ഹംഗറി, ബെൽജിയം, സ്ലോവീനിയ, ലിത്വെനിയ, ചെക്ക്, മാഴ്സിഡോണിയ, ക്രൊയേഷ്യ, ബ്രസീൽ, സ്പെയിൻ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് 55ഓളം ഹോട്ട് എയർ ബലൂണുകളും ഇവ പറത്തുന്ന റൈഡർമാരും എത്തിയത്. കതാറ, സ്പോർട്സ് സിറ്റി, മരുഭൂമികൾ, ലുസൈൽ തുടങ്ങിയ വിവിധ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും കാറ്റിന്റെ ദിശയറിഞ്ഞ് ബലൂണുകൾ പറത്തുക.