പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിലെത്തും. അബുദാബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘അഹ്ലൻ മോദി’ എന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം ആഘോഷമാക്കുന്ന ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവ വിവിധ പ്രവാസി കൂട്ടായ്മകളുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 60,000ലധികം പേർ അഹ്ലൻ മോദിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഉച്ചക്ക് 12 മണിയോടെയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കുക. വൈകുന്നേരം ആറ് മണിക്കാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുക.
രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അബുദാബിയിൽ എത്തുന്നത്. നാളെ അദ്ദേഹം അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കൂടാതെ ദുബായിൽ നടക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിലും പ്രധാനമന്ത്രി സംസാരിക്കും. യുഎഇയിൽ ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ഇന്ത്യൻ കമ്മ്യൂണിറ്റി ഇവന്റായിരിക്കും അഹ്ലൻ മോദിയെന്ന് സംഘാടകർ വ്യക്തമാക്കി.