ലോകമെമ്പാടും സമാധാനം, സഹിഷ്ണുത, സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇയുടെ പങ്കിനെ പ്രശംസിച്ച് ഫ്രാൻസിസ് മാർപാപ്പ. 2019 ലെ യുഎഇ സന്ദർശന വേളയിൽ ഒപ്പുവച്ച “മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ” രേഖ സമാധാനത്തിനുള്ള റോഡ് മാപ്പാണെന്നും മാർപ്പാപ്പ പറഞ്ഞു. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദിനേയും മാർപ്പാപ്പ പ്രശംസിച്ചു.
ഏതൊരു രാജ്യത്തിൻ്റേയും മഹത്വം അളക്കുന്നത് സമ്പത്ത് കൊണ്ടല്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി. സമാധാനം, സാഹോദര്യം, സഹവർത്തിത്വം, അവയെ സംരക്ഷിക്കുകയും അവയുടെമൂല്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലെ ഗണ്യമായ പങ്ക് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അറബ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് മാർപ്പാപ്പയുടെ പ്രതികരണം.
അടുത്തിടെ സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവത്തെ അപലപിക്കുകയും അത്തരം പെരുമാറ്റങ്ങൾ അസ്വീകാര്യമാണെന്നും മാർപ്പാപ്പ പറഞ്ഞു.അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ വ്രണപ്പെടുത്താനുള്ള ഒഴികഴിവായി ഉപയോഗിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ തനിക്ക് ലഭിക്കുന്ന എല്ലാ പ്രതിനിധി സംഘങ്ങൾക്കും മാനുഷിക സാഹോദര്യത്തെക്കുറിച്ചുള്ള രേഖ സമർപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. മതാന്തര സംവാദത്തിന് അപ്പുറം എല്ലാ ആളുകൾക്കിടയിലും സമാധാനപരമായ സഹവർത്തിത്വത്തിനും കൂടിയാണിതെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.
2019ൽ പോപ്പിന്റെ യുഎഇ സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ അഹമ്മദ് അൽ തയേബുമാണ് രേഖയിൽ ഒപ്പുവെച്ചത്. യുഎഇയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയ്ക്കും മാർപ്പാപ്പ പിന്തുണ അറിയിച്ചിട്ടുണ്ട്.