കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മുൻ പ്രിൻസിപ്പാളിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്. സ്കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ ആയിരുന്ന ദീപക് കുമാർ സാഹു ആണ് കേസിലെ ഒന്നാം പ്രതി. ഗിരീഷ് കുമാരൻ തമ്പി, വിജയ് എന്നിവരാണ് മറ്റു പ്രതികൾ. സംഭവം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ സമർപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
നവംബർ 25നാണ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര് മരിച്ചത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അതേസമയം, പരിപാടിക്ക് പൊലീസ് സഹായം തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാറുടെ നടപടി ഉൾപ്പെടെ പരിശോധിക്കാനും സംഭവത്തിൽ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.