മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനി അറസ്റ്റിൽ.ഇലന്തൂർ നരബലിയുടെ ഞെട്ടൽ മാറിയിട്ടില്ല പത്തനംതിട്ട നിവാസികൾക്ക്. സംഭവത്തിൽ മന്ത്രവാദിനി ശോഭനയേയും ഭർത്താവിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണ്. മന്ത്രവാദത്തിനിടയിൽ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടർന്നാണ് അവിടെ പ്രതിഷേധമുയർന്നത്.
മലയാലപ്പുഴയിലെ വാസന്തി മഠത്തിന് മുന്നിൽ നാട്ടുകാരും യുവജന സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് പോലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ് സംഘടനകളാണ് പ്രതിഷേധം നടത്തിയത്. മന്ത്രവാദ കേന്ദ്രം പ്രതിഷേധക്കാർ അടിച്ചു തകർത്തിരുന്നു. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടുമെന്നും കുട്ടികളെ ഇരയാക്കാൻ അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
മന്ത്രവാദിനിയെ നാട്ടുകാർക്കിടയിലൂടെ നടത്തിക്കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നാട്ടുകാർക്കിടയിലൂടെയാണ് കൊണ്ടുപോയത്.ചോദ്യം ചെയ്യലിന് ശേഷം ഏതെല്ലാം വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.വാസന്തി മഠം പൂട്ടുന്നത് വരെ സമരം ചെയ്യുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
മന്ത്രവാദ ക്രിയകളെ എതിർക്കുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും വീടിന് മുൻപിൽ പൂക്കൾ ഇടുകയും 41ാം ദിവസം മരിച്ചുപോകുമെന്ന് ഭയപ്പെടുത്തുകയും ചെയ്യുകയാണെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിച്ചിരുന്നതായും പരാതി അന്വേഷിക്കാൻ വന്ന പൊലീസുകാരെ അസഭ്യം പറഞ്ഞതായും നാട്ടുകാർ പറഞ്ഞു.