യുഎഇയിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചുരുക്കി. പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി, റസിഡൻസി പെർമിറ്റ് അനുവദിക്കൽ എന്നീ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഒരു ഘട്ടമായി ചുരുക്കിയത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
യുഎഇയുടെ സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിൻ്റെ ഭാഗമായാണ് നടപടി. മുമ്പ് ഈ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനായി നാല് ഘട്ടങ്ങളായിരുന്നു അപേക്ഷകർ പൂർത്തിയാക്കേണ്ടിയിരുന്നത്. അവയാണ് ഇപ്പോൾ ഒരു ഘട്ടത്തിലേയ്ക്ക് ഒതുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സേവനങ്ങൾ സുതാര്യവും അപേക്ഷാ പ്രക്രിയ ലളിതവുമാക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പാസ്‌പോർട്ട് സേവനങ്ങൾക്കായി അപേക്ഷിക്കുമ്പോൾ മുമ്പ് ഉണ്ടായിരുന്ന പത്ത് ഘട്ടങ്ങളിൽ നാലെണ്ണമാണ് നീക്കം ചെയ്തത്. ഐഡി കാർഡ്, റസിഡൻസ് പെർമിറ്റ് സേവനങ്ങൾ എന്നിവയ്ക്കായി ആറ് ഫീൽഡുകളും ഒഴിവാക്കി. പാസ്‌പോർട്ട് സേവനങ്ങൾക്ക് ഇനി മുതൽ വ്യക്തിഗത ഫോട്ടോ അറ്റാച്ച്‌മെൻ്റ് ആവശ്യമില്ല. കൂടാതെ ഐഡി കാർഡ്, റസിഡൻസ് പെർമിറ്റ് സേവനങ്ങൾ എന്നിവയ്‌ക്കായി പാസ്‌പോർട്ട് അറ്റാച്ച്‌മെൻ്റ്, പൗരന്മാർക്കുള്ള രജിസ്‌ട്രേഷൻ്റെ സംഗ്രഹം, വ്യക്തിഗത ഫോട്ടോ എന്നിവ ഉൾപ്പെടെ മൂന്ന് പ്രധാന അറ്റാച്ച്‌മെൻ്റുകളും ഒഴിവാക്കിയിട്ടുണ്ട്.
മാത്രമല്ല, പേയ്‌മെൻ്റ് പ്രക്രിയയും ലളിതമാക്കിയിട്ടുണ്ട്. ആപ്പിൾ പേ, ഗൂഗിൾ പേ തുടങ്ങിയ സ്മാർട്ട് പേയ്‌മെൻ്റ് ചാനലുകൾ വഴി പേമെന്റുകൾ ചെയ്യാൻ സാധിക്കുമെന്ന് ഐസിപി അറിയിച്ചു.