മുൻ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് 14 വർഷം. 2009 ഓഗസ്റ്റ് ഒന്നിനാണ് ശിഹാബ് തങ്ങൾ വിട പറഞ്ഞത്. അദ്ദേഹത്തിന്റെ വേർപാടിനു ശേഷം നീണ്ട 14 വർഷവും ശിഹാബ് തങ്ങളുടെ പേര് ഇന്നും ജീവിക്കുന്നു. ശിഹാബ് തങ്ങളുടെ പേരിലുള്ള ഡയാലിസിസ് കേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ, ആംബുലൻസുകൾ അങ്ങനെ ആ കാരുണ്യം ഇന്നും ഒഴുകുന്നത് പല വഴികളിലാണ്. ഭവന രഹിതർക്ക് വീടൊരുക്കുന്ന ബൈത്തുറഹ്മ ഭവന പദ്ധതിയും ഇതിലുൾപ്പെടും.
രാഷ്ട്രീയത്തിൽ അമരത്തിലിരിക്കുമ്പോഴും പ്രതിയോഗികൾക്ക് വരെ ആദരണീയനായിരുന്നു ശിഹാബ് തങ്ങൾ, അവസരങ്ങൾ മലർക്കെ തുറക്കെപെട്ടിട്ടും അധികാര രാഷ്ട്രീയത്തിൽ നിന്നും അകന്ന് നിന്ന ജീവിതം. മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞ് നിന്ന ശിഹാബ് തങ്ങൾ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന മതസൗഹാർദത്തിന്റെ ചിരിക്കുന്ന മുഖമാണ്.
പാണക്കാട് പുതിയ മാളിയേക്കൽ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) ആയിഷ ചെറുകുഞ്ഞി ബീവിയുടെയും മകനായി 1936 മെയ് നാലിനാണ് ശിഹാബ് തങ്ങളുടെ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനും ദർസ് പഠനത്തിനും ശേഷം 1958-ൽ ഉപരിപഠനത്തിനായി ഈജിപ്തിലേക്ക് പോയി. ഈജിപ്തിലെ പ്രസിദ്ധമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലും പിന്നീട് കെയ്‌റോ യൂണിവേഴ്‌സിറ്റിയിലുമായി ഉപരിപഠനം.1975 സെപ്‌റ്റംബർ ഒന്നിനാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാകുന്നത്. പിതാവ് പിഎംഎസ്എ പൂക്കോയ തങ്ങളുടെ മരണശേഷമായിരുന്നു 39ാം വയസ്സിൽ സ്ഥാനമേറ്റെടുക്കൽ. പിന്നീട് മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം മുസ്ലിം ലീഗിനെ നയിച്ചു.