ഓണത്തെ വരവേൽക്കാനൊരുങ്ങി ഗൾഫ് മലയാളികൾ. പ്രവാസ ലോകത്തെ ഓണാഘോഷങ്ങൾ അതിഗംഭീരമാക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഷാർജ എക്സ്പോ സെന്ററിൽ സെപ്റ്റംബർ മൂന്നിന് ഓണമാമാങ്കത്തിന് കൊടിയേറും. പരമ്പരാഗത മത്സരങ്ങൾ, കലാ പ്രകടനങ്ങൾ, ഓണസദ്യ എന്നിങ്ങനെ നീളുന്നതാണ് എക്സ്പോ സെന്ററിലെ ആഘോഷങ്ങൾ.
സെപ്റ്റംബർ രണ്ടിന് ഷാർജ സഫാരി മാളിൽ തിരുവാതിര, മിസ്റ്റർ മലയാളി, മലയാളി മങ്ക, കുട്ടികളുടെ ഫാൻസി ഡ്രസ്, പെയിന്റിങ്, പായസ മത്സരം, വടം വലി എന്നിങ്ങനെ നാട്ടിലെ ആവേശമൽസരങ്ങളെല്ലാം തനിമ ചോരാതെ ഇവിടെയുണ്ടാകും. ഓരോ മത്സരത്തിലെയും വിജയികൾക്കായി ക്യാഷ് പ്രൈസ്, ഡയമണ്ട് ജ്വല്ലറി- സ്വർണം എന്നിവ വാങ്ങാനുള്ള വൗച്ചറുകൾ തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.
മത്സരങ്ങളുടെ തുടർച്ച സെപ്റ്റംബർ മൂന്നിന് എക്സ്പോ സെന്ററിലും നടക്കും. പൂക്കളം, കലാപരിപാടികൾ, 6000 പേർക്ക് 26 വിഭവങ്ങളോടെ ഒരുക്കുന്ന ഓണസദ്യ തുടങ്ങിയവയാണ് ഇവിടെ സംഘടിപ്പിക്കപ്പെടുക. മത്സരങ്ങളിലേക്കുള്ള റജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. 3ന് എക്സ്പോ സെന്ററിലെ പ്രവേശന പാസും സദ്യയ്ക്കുള്ള പാസും platinumlist.ae സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.