കുട്ടികളുമായി യാത്രചെയ്യുന്ന കുടുംബങ്ങൾക്ക് നടപടികൾ എളുപ്പമാക്കാൻ ഇനി പ്രത്യേക വരി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ സ്ക്രീനിങ്ങിനായി മറ്റു യാത്രികർക്കൊപ്പം ഇവർക്ക് കാത്തിരിക്കേണ്ടി വരില്ല. ‘ഫാമിലി’ ലൈൻ ഉപയോഗിച്ച് ഇവർക്ക് നടപടികൾ പൂർത്തിയാക്കാമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇതോടൊപ്പം ലഗേജുകളും മറ്റും നീക്കാനും ജീവനക്കാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനും കുട്ടികളുമായുള്ള യാത്രയിലെ കാത്തിരിപ്പ് സമയം കുറക്കുന്നതിനും സമ്മർദങ്ങൾ ഒഴിവാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സജ്ജീകരണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രയുടെ അന്താരാഷ്ട്ര ഹബ്ബായി മാറിയ ഹമദിൽ വിപുലമായ സൗകര്യങ്ങളാണ് നിലവിൽ സജ്ജമാക്കിയിട്ടുള്ളത്.
മാത്രമല്ല, അതിവേഗത്തിൽ സുരക്ഷാ, സ്ക്രീനിങ് നടപടികളും പൂർത്തിയാക്കാൻ കഴിയും. 95 ശതമാനം യാത്രക്കാരുടെയും സെക്യൂരിറ്റി നടപടികള്‍ക്കായി അഞ്ച് മിനിറ്റില്‍ താഴെ മാത്രമാണ് ചെലവഴിക്കേണ്ടി വരുന്നത്. അതേസമയം തന്നെ വിമാനത്താവളത്തില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ലോകത്തുതന്നെ യാത്രക്കാരുടെ സംതൃപ്തിയില്‍ ഏറെ മുന്നിലുള്ള വിമാനത്താവളങ്ങളിലൊന്ന് ഹമദ്.