റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനമില്ലാത്തത് പ്രവാസി യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. തിരുവനന്തപുരത്തേക്ക് റിയാദിൽനിന്ന് ഒരു വിമാനക്കമ്പനിയുടെയും വിമാനങ്ങൾ നേരിട്ടില്ല എന്നത് പ്രവാസികളെ വലക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജോലിക്കിടയിലും അല്ലാതെയും പെട്ടെന്ന് സംഭവിക്കുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്ന പ്രവാസികളായ രോഗികളെ തുടർചികിത്സക്കായി നാട്ടിലേക്ക് അയക്കാൻ വിമാന സർവീസ് ഇല്ലാത്തത് മൂലം സാധിക്കുന്നില്ലെന്ന് പരാതിയുണ്ട്.
അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലക്കാരെ കൂടാതെ തമിഴ്നാട്ടിലെ തെക്കുഭാഗത്തെ നിരവധി ജില്ലകളിലെ പ്രവാസികളുടെയും ആശ്രയമാണ് തിരുവനന്തപുരം വിമാനത്താവളം. എന്നാൽ റിയാദിൽ നിന്ന് നേരിട്ട് സർവീസ് ഇല്ലാത്തതിനാൽ ഈ ഭാഗത്തേക്കുള്ള യാത്രക്കാർ ഇപ്പോൾ മറ്റുപല വിമാനത്താവളങ്ങളിലുമാണ് ഇറങ്ങുന്നത്. സാധാരണ യാത്രക്കാർക്ക് യാത്ര സാധ്യമാകുമെങ്കിലും സ്ട്രെച്ചർ രോഗികൾക്ക് ഈ യാത്രകൾ ഏറെ പ്രയാസമാണ്. സ്ട്രെച്ചറിലും വീൽചെയറിലും യാത്ര ചെയ്യേണ്ടിവരുന്ന രോഗികൾ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത് രോഗികൾക്കും സഹായിയായി കൂടെ യാത്ര ചെയ്യുന്നവർക്കും സാമൂഹിക പ്രവർത്തകർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്.
എന്നാൽ ഇതിന് പരിഹാരം ആവശ്യപ്പെട്ട് പല സംഘടനകളും കേന്ദ്രമന്ത്രിമാർക്കും സംസ്ഥാന സർക്കാറുകൾക്കും നിരവധി തവണ അപേക്ഷ നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് സാമൂഹിക പ്രവർത്തകൻ അസ്ലം പാലത്ത് പറഞ്ഞു. ഈ ദുരിതത്തിന് പരിഹാരം കാണുന്നതിന് വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.