യുഎഇ പുതുവർഷത്തിരക്കിൽ മുങ്ങുന്നതോടെ നാളെ മുതൽ റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചുകഴിഞ്ഞു. പരമാവധി സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കാനാണ് ആർടിഎ നിർദേശം നൽകിയിരിക്കുന്നത്.
പുതുവത്സരം ആഘോഷിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്തവർ ലക്ഷ്യ സ്ഥാനങ്ങളിൽ നേരത്തെ എത്താൻ ശ്രമിക്കണമെന്ന മുന്നറിയിപ്പ് വന്നുകഴിഞ്ഞു.
അബുദാബിയിൽ ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നീ ഹെവി വാഹനങ്ങൾക്ക് നഗരത്തിലേക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തി. 31ന് വൈകിട്ട് 7 മുതൽ ജനുവരി ഒന്നിന് പുലർച്ചെ ഒന്നുവരെയാണ് വിലക്കുള്ളത്. ശൈഖ് സായിദ്, ശൈഖ് ഖലീഫ, മുസഫ, മഖ്ത പാലങ്ങൾക്കു മുൻപ് ഈ വാഹനങ്ങൾ നിർത്തിയിടണം. ഞായറാഴ്ച രാവിലെ 7ന് ശേഷം നഗരത്തിലേക്കു പ്രവേശിപ്പിക്കാം. ശുചീകരണ തൊഴിലാളി വാഹനങ്ങൾക്കു വിലക്ക് ബാധകമല്ലെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം അറിയിച്ചു. നിയമലംഘനം കണ്ടെത്താൻ പട്രോളിങ് ശക്തമാക്കും. യാത്രക്കാർ ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഇന്ന് വൈകിട്ട് നാല് മണിയോടെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാഡ് അടയ്ക്കും. ബൊളിവാഡിലെ പാർക്കിങ് സ്ഥലം തീർന്നാൽ 4നു മുൻപേ റോഡുകൾ അടക്കാനാണ് സാധ്യത.
ഫിനാൻഷ്യൽ സെന്റർ റോഡിലെ താഴത്തെ നില ഇന്ന് വൈകുന്നേരം 4ന് അടയ്ക്കും. അൽ സുഖൂക് തെരുവ് രാത്രി 8ന് അടയ്ക്കും. ഊദ് മേത്ത മുതൽ ബുർജ് ഖലീഫ വരെയുള്ള അൽ അസായൽ റോഡിൽ വൈകുന്നേരം 4 മുതൽ പൊതുഗതാഗതം ഉണ്ടായിരിക്കില്ല. ബസുകൾക്കും ആംബലൻസുകൾക്കും അടിയന്തര ആവശ്യങ്ങൾക്കായി ഓടുന്ന വാഹനങ്ങൾക്കും മാത്രമാകും റോഡ് ഉപയോഗിക്കാൻ അനുമതി നൽകുക.
സെക്കൻഡ് സബീൽ റോഡും അൽ മേയ്ദാൻ റോഡും വൈകിട്ട് 4ന് അടയ്ക്കും.
ഗതാഗത നിയന്ത്രണം പൊലീസ് സഹായത്തോടെ ആർടിഎ ഉദ്യോഗസ്ഥർ നടപ്പാക്കും.
ഇന്ന് വൈകിട്ട് 5ന് ബുർജ് ഖലീഫ് മെട്രോ സ്റ്റേഷൻ അടയ്ക്കും. ബുർജ് ഖലീഫയിൽ ആഘോഷങ്ങൾക്കു പോകുന്നവർ അതിനു മുൻപ് തന്നെ സ്റ്റേഷനിൽ ഇറങ്ങണം. 5നു ശേഷം മെട്രോയ്ക്ക് ദുബായ് മാൾ സ്റ്റേഷനിൽ സ്റ്റോപ് ഉണ്ടാവില്ല. ഇന്ന് രാവിലെ 5 മുതൽ ഗ്രീൻ, റെഡ് ലൈനുകളിൽ മെട്രോ സർവീസ് തുടങ്ങി. 2ന് അർധരാത്രി 12വരെ നിർത്താതെ ഓടും. ട്രാമുകൾ ഇന്ന് രാവിലെ 6 മുതൽ സർവീസ് തുടങ്ങി. 2ന് രാത്രി ഒന്നുവരെ സർവീസ് തുടരും.