ഹൈദരാബാദിൽ പുതിയ യുഎഇ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചു. യുഎഇ മന്ത്രി അഹമ്മദ് അലി അൽ സയേഗും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേർന്ന് കോൺസുലേറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അതേസമയം ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുന്ന ഈ കാലത്ത് പുതിയ കോൺസുലേറ്റിന്റെ ഉദ്ഘാടനം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ-നിക്ഷേപ സൗഹൃദം കൂടുതൽ ആഴത്തിലാക്കാൻ ഉപകരിക്കുമെന്ന് വി.മുരളീധരൻ പറഞ്ഞു. കൂടാതെ ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനും കോൺസുലേറ്റിന്റെ സാന്നിധ്യം സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.