മക്കയിൽ പുതിയ മിമ്പർ (പ്രസംഗപീഠം) ഉദ്ഘാടനം ചെയ്തു. ഹറംകാര്യ വകുപ്പ് ആണ് ഉദ്ഘാടനം ചെയ്തത്. മതാഫിനോട് ചേർന്ന് ഹറമിൽ പുതുതായി നിർമിച്ച സൗദി കോറിഡോറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ വർഷം ആരംഭിച്ച ഹറംകാര്യ വകുപ്പിന്റെ പുതിയ ഐഡന്റിറ്റിയെ അടിസ്ഥാനമാക്കിയാണ് സവിശേഷമായ ഇസ്ലാമിക വാസ്തുശൈലിയിൽ പുതിയ മിമ്പർ നിർമിച്ചിരിക്കുന്നത്.
അതേസമയം സൗദി കോറിഡോർ രൂപകൽപനയിൽ നിരവധി സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ തീർഥാടകരുടെ സൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ഹറമിൽ വലിയ ഇടങ്ങൾ ഒരുക്കുക എന്നതാണ് ഇതിൽ പ്രധാനമായുള്ളത്. വാസ്തു വിദ്യയിലും നിർമാണത്തിലും വിസ്മയമായി മാറിയ ഹറമിന്റെ നിർമാണം ഏറ്റവും മികച്ച ഡിസൈനുകളിൽ ഒന്നായിരിക്കാനും അതിൽ ഗുണമേന്മയേറിയ വസ്തുക്കൾ ഉപയോഗിക്കാനും സൗദി സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പ്രത്യേക അലങ്കാരദ്വീപങ്ങൾ,സീലിംഗിലെ തിളങ്ങുന്ന നിറങ്ങൾ, മാർബിൾ പൊതിഞ്ഞ തൂണുകൾ എന്നിവയാൽ ഇടനാഴിയും അലംകൃതമാണ്.