ദോഹ എക്സ്പോ വേദിയിൽ സന്ദർശകരെ ആകർഷിച്ച് പൂക്കൾകൊണ്ട് ഒരുക്കിയ ദേശീയ പതാക. ദേശീയ ദിനത്തിന്റെ ഭാഗമായായിരുന്നു ഈ വ്യത്യസ്തമായ ദേശീയ പതാക ഒരുക്കിയത്. ദോഹ എക്സ്പോ വേദിയിലെത്തിയ സന്ദർശകരും നയതന്ത്ര പ്രതിനിധികളും വിവിധ സർക്കാർ പ്രതിനിധികളും ഉൾപ്പെടെ പങ്കുചേർന്നാണ് പൂക്കളം ഒരുക്കിയത്. പ്രാദേശികമായ പൂന്തോട്ടങ്ങളിൽ നിന്നെത്തിച്ച മൂന്നു ലക്ഷം പൂക്കൾകൊണ്ട് അൽ ബിദ പാർക്കിലെ എക്സ്പോ വേദിയിൽ കൂറ്റൻ ദേശീയ പതാക പൂക്കളം സന്ദർശകരുടെ മനം കവരുന്നതാണ്.
അതേസമയം രാജ്യത്തിന്റെ ഐക്യവും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതാണ് ചരിത്ര ദൗത്യമെന്ന് എക്സ്പോ കമീഷണർ ജനറൽ ബദർ ബിൻ ഉമർ അൽ ദഫ അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുപാട് ദിവസങ്ങൾ എടുത്തായിരുന്നു സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെ മജന്തയും വെള്ളയും നിറത്തിൽ പതാക ഒരുക്കിയത്.