നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യ സെൻ (89) അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകൾ നന്ദന ദേബ് സെൻ. തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു.
“സുഹൃത്തുക്കളേ, നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി, പക്ഷേ ഇത് വ്യാജ വാർത്തയാണ്: ബാബ പൂർണ്ണമായും സുഖമായിരിക്കുന്നു. എപ്പോഴത്തെയും പോലെ അച്ഛൻ തിരക്കിലാണ്! ” എന്ന് അമർത്യ സെന്നിന്റെ ചിത്രത്തോടൊപ്പം അവർ ട്വീറ്റ് ചെയ്തു.
അമർത്യ സെൻ അന്തരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാന ജേതാവ് ക്ലോഡിയ ഗോൾഡിനെ ഉദ്ധരിച്ചാണ് അമർത്യ സെൻ അന്തരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തത്. ഇത്തവണത്തെ നൊബേൽ പുരസ്കാരം നേടിയ ക്ലോഡിയ ഗോൾഡിൻ എന്ന സാമ്പത്തിക ശാസ്ത്രജ്ഞയുടെ വ്യാജ അക്കൗണ്ടിൽനിന്നാണ് വാർത്ത വന്നതെന്ന് തെളിഞ്ഞതായി പിടിഐ പിന്നീടു വ്യക്തമാക്കി.