കൊലപാതകക്കേസിൽ വിധി വന്നതിനു പിന്നാലെ ഒളിവിൽ പോയ കുറ്റവാളി 27 വർഷത്തിനു ശേഷം പിടിയിൽ. കൊലപാതകം നടന്ന് മുപ്പത്തിമൂന്നു വർഷവും ശിക്ഷ വിധിച്ചിട്ട് ഇരുപത്തിയേഴ് വർഷവുമായ കേസിലാണ് ഒടുവിൽ അറസ്റ്റ്. കോട്ടയം ജില്ലയിൽ അയ്മനത്തും, ചുങ്കം എന്ന സ്ഥലത്തും മിനി എന്ന പേരിൽ വീടുകളിൽ അടുക്കളപണിയ്ക്കായി നിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒരു കെട്ടിട നിർമ്മാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം തമിഴ്നാടിലേക്ക് പോയതായും വിവരമുണ്ടായിരുന്നു. എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരിൽ കുടുംബസമേതം താമസിച്ചു വരുന്നതിനിടെയാണ് അറസ്റ്റ്.
മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്. പല്ലാരിമംഗലം അടിവാടിൽ കാടുവെട്ടിവിളെ മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ചു വരികയായിരുന്നു. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ പിന്നാലെയായിരുന്നു റെജി ഒളിവിൽ പോയത്. സ്വർണം മോഷ്ടിക്കാനായാണ് മറിയാമ്മയെ റെജി അതിദാരുണമായി കൊലചെയ്തത്. അന്ന് 18 വയസു മാത്രമായിരുന്നു ഇവരുടെ പ്രായം.
1990 ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീടിനുള്ളിലാണ് മറിയാമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് മറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതിൽ നിന്നും കമ്മൽ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുവേലയ്ക്ക് നിന്നിരുന്ന റെജിയാണ് കൊല നടത്തിയത് എന്നറിയുന്നത്. 1993ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര കോടതി റെജിയെ കേസിൽ വെറുതെ വിട്ടു. പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്തംബർ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാൽ വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോകുകയായിരുന്നു.