മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് റിപ്പോർട്ട്. സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. നാളെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരകണമെന്നാണ് കെ.സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. സുധാകരനെ അറസ്റ്റ് ചെയ്യാൻ നിയമോപദേശം തേടിയേക്കും.
വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തത്. സുധാകരനെതിരെ കേസെടുത്തത് രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും.
ഇതിനിടെ, മുൻകൂർ ജാമ്യത്തിന് സുധാകരൻ ശ്രമം തുടങ്ങി. ക്രൈം ബ്രാഞ്ച് കേസെടുത്തതിനെതിരെ ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹം നിയമോപദേശം തേടി. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുമെന്നാണ് സുധാകരൻ പറയുന്നത്. മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബർ 22 ന് മോന്‍സന്റെ കലൂരുലുള്ള വീട്ടിൽവെച്ച് കെ സുധാകരന്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.