യുഎഇയിലെ പകുതിയിലധികം കമ്പനികളും 2024-ൽ ശമ്പളം വർദ്ധിപ്പിക്കുമെന്ന് സർവെ റിപ്പോർട്ട്. സർവെയിൽ പങ്കെടുത്ത മൂന്നിലൊന്ന് സ്ഥാപനങ്ങളും ശമ്പളം 5 ശതമാനം വരെ ഉയർത്തുമെന്നാണ് കൂപ്പർ ഫിച്ച് പുറത്തിറക്കിയ സാലറി ഗൈഡ് യുഎഇ 2024-ന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച് ഭൂരിഭാഗം സ്ഥാപനങ്ങളും (53 ശതമാനം) അടുത്ത വർഷം തങ്ങളുടെ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. മൂന്നിലൊന്ന് (39 ശതമാനം) സ്ഥാപനങ്ങൾ വേതനം 5 ശതമാനം വരെ വർദ്ധിപ്പിക്കും. ഏകദേശം പത്തിൽ ഒരാൾക്ക് 6 മുതൽ 9 ശതമാനം വരെയും 20-ൽ ഒരാൾക്ക് (5 ശതമാനം) 10 ശതമാനമോ അതിൽ കൂടുതലോ വർദ്ധനവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ അഞ്ചിലൊന്ന് (21 ശതമാനം) കമ്പനികൾ ശമ്പളം കുറയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ശമ്പളത്തിന് പുറമെ ഏകദേശം 71 ശതമാനം കമ്പനികളും 2023-ലെ സ്ഥാപനത്തിന്റെ സാമ്പത്തിക അവസ്ഥയെ അടിസ്ഥാനമാക്കി വാർഷിക ബോണസ് നൽകാൻ പദ്ധതിയിടുന്നതായും സർവെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ബാക്കി 29 ശതമാനം സ്ഥാപനങ്ങൾക്ക് നിലവിൽ ബോണസുമായി ബന്ധപ്പെട്ട പദ്ധതികളൊന്നുമില്ല. ബോണസ് നൽകാൻ ഉദ്ദേശിക്കുന്ന ഏറ്റവും വലിയ കമ്പനികൾ (35 ശതമാനം) ഒരു മാസത്തെ അടിസ്ഥാന ശമ്പളം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17 ശതമാനം സ്ഥാപനങ്ങൾ രണ്ട് മാസത്തെയും 12 ശതമാനം മൂന്ന് മാസത്തെയും 4 ശതമാനം നാല് മാസത്തെയും ഒരു ശതമാനം പേർ അഞ്ച് മാസത്തെയും ശമ്പളം ബോണസായി നൽകും.
അക്കൗണ്ടിംഗ്, കെമിക്കൽസ്, കൺസ്യൂമർ ഗുഡ്സ്, ഹോസ്പിറ്റൽ, ഹെൽത്ത് കെയർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ആറ് മാസത്തെ അടിസ്ഥാന ശമ്പളമായ തുക ബോണസായി ലഭിക്കും. അതേസമയം സാമ്പത്തിക സേവനങ്ങൾ, കൺസൾട്ടിംഗ്, ഐടി വ്യവസായങ്ങൾ എന്നിവ ബോണസ് നൽകില്ലെന്നാണ് സർവെ റിപ്പോർട്ട്.