ഇക്കഴിഞ്ഞ ആഴ്ചകളിൽ ദേശീയ- അന്തർ ദേശീയ മാധ്യമങ്ങൾ ഏറ്റവും പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത വാർത്തയായിരുന്നു മിസ്സ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ ആദ്യമായി പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ. സൗദി മാറി ചിന്തിക്കുന്നു എന്ന തരത്തിൽ എല്ലാമാധ്യമങ്ങളും വേണ്ട പ്രാധാന്യത്തോടെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇപ്പോൾ അതുസംബന്ധിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ അതീവ ശ്രദ്ധനേടുകയാണ്. മിസ്സ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ ആദ്യമായി പങ്കെടുക്കുവെന്ന വാർത്ത വ്യാജമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൗദി അറേബ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നുമാണ് മിസ് യൂനിവേഴ്സ് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
ഈ വർഷത്തെ മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളിക്കളയുകയാണെന്ന് സംഘാടകർ പറഞ്ഞു. സൗദി മോഡലായ റൂമി അൽഖഹ്താനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നായിരുന്നു ആദ്യം വാർത്തകൾ പുറത്തുവന്നത്. ‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. മത്സരത്തിൽ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്’ -എന്നാണ് സൗദി പതാകയേന്തിയ തൻറെ ഫോട്ടോക്കൊപ്പം മാർച്ച് 25ന് റൂമി അൽഖഹ്താനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
സൗദി അറേബ്യയിൽ നിന്ന് മത്സരാർഥിയെ പങ്കെടുപ്പിക്കുന്നതിനായി യാതൊരു സെലക്ഷൻ നടപടികളും നടത്തിയിട്ടില്ലെന്നും മറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഘാടകർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വരാനിരിക്കുന്ന മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന 100ലേറെ രാജ്യങ്ങളിൽ സൗദി അറേബ്യ ഇല്ല. ഏതൊക്കെ രാജ്യങ്ങളിൽ സൗന്ദര്യ മത്സരത്തിനായി സെലക്ഷൻ ട്രയൽ നടത്തണമെന്ന് തീരുമാനിക്കുന്നത് തങ്ങളുടെ അപ്രൂവൽ സമിതിയാണെന്നും മിസ് യൂനിവേഴ്സ് സംഘാടകർ വ്യക്തമാക്കി.